മഴക്കാല പകര്‍ച്ചവ്യാധികള്‍ക്ക് ആയുര്‍വേദ ചികിത്സ
ഡോ.ഷര്‍മദ് ഖാന്‍
ജൂണ്‍ മുതല്‍ ഏകദേശം മൂന്ന് മാസം വരെ മഴക്കാലമാണ്. ജലവും വായുവും ദേശവും ദുഷിച്ച് രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ള കാലം. കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ എല്ലാ ജീവജാലങ്ങളിലും മാറ്റങ്ങള്‍ വരുത്തുന്നു. മനുഷ്യരുള്‍പ്പെടെയുള്ളവര്‍ മഴകാരണമുള്ള ആലസ്യത്തിലേക്ക് മാറുമ്പോള്‍ രോഗം പകര്‍ത്തുവാന്‍ കഴിവുള്ള കൊതുകും എലിയും വൈറസുകളും കൂടുതല്‍ കരുത്ത് നേടുകയാണ് ചെയ്യുന്നത്. വായുവിലൂടെയും ജലത്തിലൂടെയും ജന്തുക്കള്‍ വഴിയും രോഗം പകരുവാന്‍ അനുകൂലമായ സാഹചര്യമാണ് മഴക്കാലത്തുള്ളത്. കാലാവസ്ഥയ്ക്കനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വ്യക്തിഗത രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുവാനുതകുന്ന ഭക്ഷണവും ശീലവും ഉള്ളവര്‍ക്ക് പകര്‍ച്ചവ്യാധികളെ തടയുന്നതിന് സാധിക്കും. രോഗം വന്നാല്‍ ശരിയായതും സമയത്തുള്ളതുമായ ചികിത്സയും കൂടിയേതീരൂ.മരുന്നില്ലാതെ ആരോഗ്യത്തോടെ ജീവിക്കുവാന്‍ ചിലര്‍ക്കെങ്കിലും അത്ര എളുപ്പമല്ല എന്ന് സാരം. മഴക്കാലം നിരവധി പകര്‍ച്ചവ്യാധികളുടെ കാലമാണെന്ന് പറയാം. വൈറല്‍ ഫീവര്‍, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, മലമ്പനി, പന്നിപ്പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ് എ എന്നിവയൊക്കെ വരാം. എല്ലാ പകര്‍ച്ചവ്യാധികളുടേയും പൊതുവായ ലക്ഷണം പനിയാണ്. വ്യക്തിശുചിത്വം മാത്രം സംരക്ഷിച്ച് പകര്‍ച്ചവ്യാധികളെ തടയാനാവില്ല. പരിസരശുചിത്വവും ആഹാര ശുചിത്വവും ആചാര ശുചിത്വവും പാലിക്കണം.
വൈറല്‍ ഫിവറും പന്നിപ്പനിയും ചെങ്കണ്ണും വായുവിലൂടെ പകരുന്നതാണ്. വയറിളക്കവും മഞ്ഞപ്പിത്തവും വെള്ളത്തിലൂടെയും ജന്തുജന്യമായി ചെള്ളുപനിയും എലിപ്പനിയും വിരശല്യവും കൊതുകുകള്‍ കാരണം ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും ജാപ്പനീസ് എന്‍സഫലൈറ്റിസ് എന്ന ജപ്പാന്‍ പനിയും പകരും.
കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് ഒരു വൈറല്‍ ഫീവര്‍ എങ്കിലും ബാധിക്കാത്തവര്‍ കുറവായിരിക്കും. അലര്‍ജി കാരണമുള്ള തുമ്മല്‍,ചുമ,ശ്വാസംമുട്ട്, സൈനസെറ്റീസ് എന്നിവയും വര്‍ദ്ധിക്കാം.
പകര്‍ച്ചവ്യാധികള്‍ പിടിപെട്ടാല്‍ പൂര്‍ണവിശ്രമം വേണം. നിര്‍ബന്ധമായും യാത്രകളും കൂട്ടംകൂടി നില്‍ക്കലും ഒഴിവാക്കണം. ഹസ്തദാനം നല്‍കുവാനോ മുഖം മറയ്ക്കാതെ തുമ്മുവാനോ പാടില്ല. ചില പ്രധാന കാര്യങ്ങളില്‍ നിന്നും മാറിനില്‍ക്കുവാന്‍ കഴിയില്ലെന്ന് പറഞ്ഞു മീറ്റിങ്ങുകളിലും വിവാഹങ്ങളിലും പങ്കെടുത്തും പൊതു വാഹനങ്ങളില്‍ യാത്ര ചെയ്തും രോഗം പകര്‍ത്തുന്നവര്‍ സമൂഹത്തോട് ചെയ്യുന്നത് ക്രൂരതയാണെന്ന് തിരിച്ചറിയുക. വായുവിലൂടെ പകരുന്ന രോഗമുള്ളവരെ മറ്റുള്ളവര്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. രോഗികള്‍ പ്രത്യേക മുറിയില്‍ താമസിക്കണം. ആശുപത്രികളേക്കാള്‍ സ്വന്തം വീട്ടില്‍തന്നെ താമസിക്കുന്നതാണ് നല്ലത്.
രോഗികളുടെ വസ്ത്രം, പാത്രം, റിമോട്ട് കണ്‍ട്രോള്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍,പേനകള്‍,വിസിറ്റിങ് കാര്‍ഡ് തുടങ്ങിയവ അണുനാശക വസ്തുക്കള്‍ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം മാത്രമേ മറ്റുള്ളവര്‍ ഉപയോഗിക്കാവൂ. ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും മനുഷ്യനില്‍നിന്നും മനുഷ്യനിലേക്ക് പകരുന്ന രോഗങ്ങളല്ല. രോഗബാധയുള്ളവരെ കടിച്ച കൊതുക് മറ്റൊരാളെ കടിക്കുന്നതിലൂടെ മാത്രമേ രോഗം പകരൂ. അതും ഒരു കടി തന്നെ ധാരാളം. അതിനാല്‍ രോഗമുള്ളവര്‍ നിര്‍ബന്ധമായും കൊതുക് വല ഉപയോഗിക്കണം.
പെണ്‍വര്‍ഗത്തില്‍പെട്ട ഈഡിസ് ഈജിപ്തി വിഭാഗത്തിലെ കൊതുകുകളാണ് ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും പടര്‍ത്തുന്നത്. പകല്‍സമയത്ത് മങ്ങിയ വെളിച്ചത്തില്‍ ഇവ കൂടുതലായി കടിക്കുകയും ചെയ്യും. ശരീരം പരമാവധി മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ നല്ലത്. ഓട വൃത്തിയാക്കുകയോ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ചവിട്ടുകയോ ചെയ്യുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെ എലിപ്പനിയുടെ രോഗാണുക്കള്‍ പകരാവുന്നതാണ്. എലിയുടെ മൂത്രം വീണ ആഹാരമോ വെള്ളമോ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരും. അന്യസംസ്ഥാന തൊഴിലാളികളുടേയും മറ്റ് യാത്രികരുടേയും ആഭ്യന്തര യാത്രകള്‍ മലേറിയ വര്‍ധിപ്പിക്കുന്നതിന് സാഹചര്യമൊരുക്കും. കെട്ടിനില്‍ക്കുന്ന ശുദ്ധജലം കൊതുകുകള്‍ വര്‍ദ്ധിക്കുന്നതിന് ഇടയാകുന്നു. അതുപോലെ കെട്ടിനില്‍ക്കുന്ന മലിനജലത്തില്‍ ഇറങ്ങിയാല്‍ എലിപ്പനി ബാധിക്കുന്നതിനും കാരണമാകും. ആശുപത്രി വാസവും ആവശ്യമായിവരും. മിക്ക പകര്‍ച്ചവ്യാധികളും ശരിയായി ചികിത്സിച്ചുമാറ്റാതെ തുടര്‍ന്നാല്‍ ഹൃദയം, ശ്വാസകോശം ,തലച്ചോറ്, വൃക്ക തുടങ്ങിയ ഭാഗങ്ങളില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കും.
പകര്‍ച്ചപ്പനി വന്നാല്‍ എന്ത് ചെയ്യണം
പനി വന്നാല്‍ പൂര്‍ണ്ണ വിശ്രമം അനിവാര്യം. 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. കുടിക്കാനുള്ള വെള്ളം ചുക്ക്, തുളസിയില, മല്ലി എന്നിവ ഇട്ട് 5 മിനിറ്റ് എങ്കിലും വെട്ടി തിളപ്പിക്കണം. വെള്ളം തിളപ്പിച്ച് കുടിക്കുവാന്‍ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളില്‍ നിന്നും സൗജന്യമായി ഷഡംഗ ചൂര്‍ണ്ണം ലഭ്യമാണ്.എളുപ്പം ദഹിക്കുന്നതും പോഷകമുള്ളതുമായ ആഹാരം ശീലിക്കണം.പൊടിയരിക്കഞ്ഞിയും ചെറുപയറും ഉത്തമം.ആവിയില്‍ പുഴുങ്ങിയ ഭക്ഷണവും നല്ലത്.പച്ചക്കറിയും പഴവര്‍ഗങ്ങളും ഏറെ നല്ലത്.ദഹിക്കാന്‍ പ്രയാസമുള്ളതും മാംസാഹാരവും ഒഴിവാക്കി സസ്യാഹാരം ഉപയോഗിക്കണം.വയറിളക്കംകൂടി ഉള്ളപ്പോള്‍ 50 ഗ്രാം മലര് ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തെളിയെടുത്ത് പഞ്ചസാരയും ഉപ്പും ചേര്‍ത്ത് ഇടയ്ക്കിടെ കുടിക്കുക.
ഔഷധക്കാപ്പി കുടിക്കുന്നത് ഏതുതരം പനിയും ശമിപ്പിക്കുന്നതിന് നല്ലതാണ്. തുളസിയില, പനിക്കൂര്‍ക്കയില, ചുക്ക്, കുരുമുളക്, കരിപ്പെട്ടി എന്നിവയാണ് പൊതുവില്‍ കാപ്പി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.
സ്വയം ചികിത്സ ഒഴിവാക്കുക.
മറ്റുള്ളവ
ചുവരുകള്‍ ഈര്‍പ്പരഹിതമായി സൂക്ഷിക്കുക., തുണികള്‍ നന്നായി ഉണക്കി ഉപയോഗിക്കുക, തണുപ്പേല്‍ക്കാത്ത വിധമുള്ള വസ്ത്രധാരണം നിര്‍ബന്ധം. രാത്രിയില്‍ പ്രത്യേകിച്ചും, എയര്‍കണ്ടീഷന്‍, ഫാന്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കണം, തണുത്തകാറ്റ് എല്‍ക്കുന്ന വിധമുള്ള യാത്രകള്‍ ഒഴിവാക്കണം. കുടിക്കാനും കുളിക്കാനും ചൂടുവെള്ളമാണ് നല്ലത്. കുടിക്കുവാന്‍ ശുദ്ധജലം ഉറപ്പാക്കുക. പകലുറക്കം നല്ലതല്ല. കൈകാലുകളില്‍ മുറിവുള്ളവര്‍ എലിയുടെ വിസര്‍ജ്ജ്യം കലരാന്‍ സാധ്യതയുള്ള വെള്ളം തൊടരുത്. കുറുക്കന്‍,വളര്‍ത്തുമൃഗങ്ങള്‍ എന്നിവയും എലിപ്പനി പകര്‍ത്താന്‍ കാരണമാകും. മുന്‍കരുതലുകള്‍ സ്വീകരിക്കാതെ ചാലുകളില്‍ ഇറങ്ങി ജോലി ചെയ്യരുത്. വളര്‍ത്തുമൃഗങ്ങളെയും, വീട്ടില്‍ വളര്‍ത്തുന്നവയായാലും പട്ടി ,പൂച്ച എന്നിവയെയും അകറ്റി നിര്‍ത്തണം. കൊതുകുകളുടെ പ്രജനനം തടയുവാന്‍ കൂട്ടായ പരിശ്രമം നടത്തണം. രാമച്ചം, പതിമുഖം, നറുനീണ്ടി ഇവ ഇട്ട് തിളപ്പിച്ച വെള്ളമോ കരിക്കിന്‍ വെള്ളമോ മഴക്കാലത്ത് കുടിക്കാന്‍ നല്ലതല്ല. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചവയും ഒഴിവാക്കണം. ജീരകം, ചുക്ക്, അയമോദകം ഇവയിട്ട് തിളപ്പിച്ച വെള്ളമോ ചൂടുവെള്ളമോ കുടിക്കുവാന്‍ ഉപയോഗിക്കണം. തേനും, ചുക്കുകാപ്പിയും നല്ലത്.
കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍
1) മഴക്കാലപൂര്‍വ്വ ശുചീകരണം നിര്‍ബന്ധമായും നടത്തേണ്ടതുണ്ട്.
2) മഴക്കാലമാകുമ്പോള്‍ എലിപ്പനി വരാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടി വേണം.
3) കൊതുകിന്‍റെ സാന്ദ്രത കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ശുദ്ധജലസ്രോതസ്സുകള്‍ നശിപ്പിക്കുന്ന വിധമാകരുത്
4) ശാരീരിക അകലം പാലിച്ചുകൊണ്ട് തന്നെ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തണം.
5) മാസ്ക് ഉപയോഗിക്കണം
6) ഇടയ്ക്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം .
7) ശുചീകരണ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ദേഹശുദ്ധി വരുത്തണം.
8) ശ്വാസകോശ രോഗങ്ങള്‍ വര്‍ദ്ധിക്കാനിടനല്‍കുന്നവിധമുള്ള പുകയ്ക്കല്‍ പാടില്ല.
9) ശ്വാസകോശ രോഗങ്ങളുള്ളവര്‍ ശുചീകരണ പ്രവൃത്തികള്‍ ചെയ്യരുത്.
10) പനിയ്ക്ക് ചികിത്സയും തുടര്‍ന്നുള്ള നിരീക്ഷണവും ഉണ്ടായിരിക്കണം.