ജീവിതമാകണം ലഹരി
ഡോ. സനോജ് ജേക്കബ്
ലഹരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു ദിനപത്രം വായിച്ചിട്ട് എത്ര മാസങ്ങളായി കാണും . ഇതൊക്കെ എന്നും ഇങ്ങനെ തന്നെയല്ലേ എന്ന് ചിന്തിക്കുന്ന അവസ്ഥയിലേക്ക് നമ്മളില്‍ പലരും എത്തിയിട്ടുമുണ്ടാകും. എന്നാല്‍ ഇതൊന്നും നേരത്തെ ഇങ്ങനെ ആയിരുന്നില്ല എന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി ഉണ്ടായ ഒരു വലിയ വര്‍ദ്ധനവിന്‍റെ പ്രതിഫലനമാണ് പത്രങ്ങളില്‍ ദിനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഈ ലഹരി കേസുകള്‍ എന്നുമാണ് മനസ്സിലാക്കേണ്ടത്. കഴിഞ്ഞ സെപ്റ്റംബറില്‍ ബഹു മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയ കണക്കുകള്‍ പ്രകാരം 2020-21 വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ലഹരി കേസുകള്‍ യഥാക്രമം 4650 , 5334 ആയിരുന്നെങ്കില്‍ 2022 സെപ്റ്റംബര്‍ ആകുമ്പോഴേക്കും അത് മൂന്ന് മടങ്ങ് വര്‍ദ്ധിച്ചു 16986 ആയിരിക്കുന്നു. മുന്‍പ് മാസത്തില്‍ 100 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിടത്ത് ഇപ്പോള്‍ രണ്ടായിരത്തോളം കേസുകള്‍ മാസം രജിസ്റ്റര്‍ ചെയ്യപ്പെടുന്നു.400 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ 74 ശതമാനം സ്കൂളുകളിലും ലഹരിയുമായി ബന്ധപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു .
2021ല്‍ ആരംഭിച്ച കൊറോണ മഹാമാരി തുടക്കത്തില്‍ ദിവസം 10, 100 ഒക്കെ റിപ്പോര്‍ട്ട് ചെയ്തിരുന്നത് പിന്നീട് ആയിരവും പതിനായിരവും ഒക്കെയായി . ഒരു സാമൂഹ്യ വ്യാപനം അടുത്തെത്തിയപ്പോള്‍ പൂര്‍ണ്ണമായും ലോക്ക്ഡൗണിലേക്ക് പോകേണ്ടിവന്നതൊക്കെ നമ്മുടെ ഓര്‍മ്മയില്‍ നിന്ന് മായാറായിട്ടില്ലല്ലോ.
അതുപോലെ ഈ വര്‍ദ്ധിച്ചു വരുന്ന ലഹരി വിപത്തും ഒരു സാമൂഹ്യ വ്യാപനം ആകുന്നതിനു മുമ്പേ നാം സമൂഹം എന്ന നിലയില്‍ ഉണര്‍ന്ന് കൂട്ടായി ഇതിനെ പ്രതിരോധിക്കേണ്ടതാണ്.
ലഹരി ഉപയോഗത്തിലെ മാറുന്ന ട്രെന്‍ഡുകള്‍
മദ്യം, പുകയില,കഞ്ചാവ് തുടങ്ങിയ ലഹരികളാണ് പഴയ തലമുറയില്‍ കൂടുതലായി ഉപയോഗിച്ചിരുന്നത് എങ്കില്‍ പുതുതലമുറയ്ക്ക് കൂടുതല്‍ പ്രിയം സിന്തറ്റിക് രാസ ലഹരികളോടാണ്. അതില്‍ തന്നെ എല്‍ എസ് ഡി സ്റ്റാമ്പും എംഡി എം എ പില്ലുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഈ പുതിയ ലഹരികള്‍ക്ക് പ്രത്യേക മണമോ ഉപയോഗിക്കാന്‍ പ്രത്യേക സംവിധാനങ്ങളോ (തീപ്പെട്ടി, കുപ്പി,വെള്ളം) വേണ്ടാത്തത് കൊണ്ടും ഒളിച്ചുവയ്ക്കാന്‍ എളുപ്പമായതുകൊണ്ടും ഇവയുടെ സ്വീകാര്യത പുതു തലമുറയില്‍ കൂടി വരികയാണ്. അതുകൊണ്ട് പഠനമുറികളിലും കളിക്കളങ്ങളിലും എന്തിന് വീടുകളില്‍ പോലും മറ്റാരുമറിയാതെ ഉപയോഗിക്കപ്പെടുന്നു. സുഹൃത്തുക്കളായ ആണ്‍കുട്ടികളുടെ അടുത്ത് നിന്ന് ഇവ ലഭിക്കുന്ന പെണ്‍കുട്ടികളും പലപ്പോഴും ഈ ലഹരിയുടെ ഗൂഢമന്ദസ്മിതത്തിലാണ് ഇരിക്കുന്നത് എന്നും അറിയപ്പെടാതെ പോകുന്നു.
മറ്റൊന്ന് മെട്രോ നഗരങ്ങളില്‍ ഇന്നു കൂടിവരുന്ന ലെയ്റ്റ് നൈറ്റ് പാര്‍ട്ടികളുടെ ഒരു അവിഭാജ്യ ഘടകമായി ഈ ലഹരികള്‍ മാറിയിരിക്കുന്നു എന്നതാണ്. മാത്രവുമല്ല മദ്യം പോലെയുള്ള ലഹരികളെ അപേക്ഷിച്ച് മനസ്സിലും സ്വഭാവത്തിലും മാറ്റം വരുത്താനുള്ള വീര്യം ഇവയ്ക്ക് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അക്രമവാസനയും,മനോരോഗ സാധ്യതയുമുള്ളവര്‍ക്ക് (പ്രത്യേകിച്ചു ഒന്നോ രണ്ടോതലമുറ മുമ്പെങ്കിലും ഒരു മാനസിക അനാരോഗ്യം ഉണ്ടായിട്ടുണ്ടെങ്കില്‍ ) ആ മനോരോഗം പുറത്തുവരാനും ഇവ കാരണമാകാറുണ്ട്. ഒന്നോ രണ്ടോ തവണ ഉപയോഗിക്കുന്നത് പോലും തിരിച്ചുവരാന്‍ ആകാത്ത അടിമത്തത്തിലേക്ക് വ്യക്തിയെ നയിക്കുന്ന രീതിയും ഈ ലഹരികളുടെ പ്രത്യേകതയാണ്.
ലഹരികള്‍ ഏതെല്ലാം വിധം
സി എന്‍ എസ് ഡിപ്രസന്‍റ്സ് എന്ന വിഭാഗത്തില്‍ വരുന്ന മരുന്നുകളും opoid മരുന്നുകളും ആണ് യഥാര്‍ത്ഥത്തില്‍ മയക്കുമരുന്ന് (മയക്കം ഉണ്ടാക്കുന്ന മരുന്ന്) Narcotics എന്ന പേരിന് ശരിക്കും അര്‍ഹമായവ. കാരണം ഇവ തുടക്കത്തിലെ ഉന്മാദശേഷം പ്രധാനമായും മയക്കം ഉണ്ടാക്കുന്നവയാണ്.
എന്നാല്‍ സി.എന്‍.എസ്, എംഡിഎംഎ Methamphatamine മുതലായ മരുന്നുകള്‍ ഉറക്കം കുറയ്ക്കുകയും ഉത്തേജനം കൂട്ടുകയും ചെയ്യുന്ന മയക്കമില്ലാ മരുന്നുകളാണ്. അതുകൊണ്ടുതന്നെയാണ് രാത്രി മുഴുവന്‍ ചടുല സംഗീതത്തിനൊപ്പം നൃത്തം വയ്ക്കുന്ന നിശാ പാര്‍ട്ടികളില്‍ (Rave parties) ഉറക്കം തോന്നാതിരിക്കാനും നിര്‍ത്താതെ നൃത്തം ചെയ്തു കൊണ്ടിരിക്കാനുള്ള ഊര്‍ജ്ജത്തിനും വേണ്ടി വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
Psycholytic drugs എന്നത് മൈന്‍ഡ് ആള്‍ട്ടറിംഗ് ഡ്രഗ്സിന് (mind altering drugs) പൊതുവായി പറയുന്ന പേരാണ്. ഇവയില്‍പ്പെടുന്ന ഒരു hallucinogen drug ആണ് എല്‍എസ്ഡി. ഇല്ലാത്ത വസ്തുക്കള്‍, നിറങ്ങള്‍, വക്രീകരിച്ചിരിക്കുന്ന രൂപങ്ങള്‍ എന്നിവയൊ ക്കെ ഉണ്ടാക്കാം എന്നതാണ് ഇവയുടെ പ്രത്യേകത.
മറ്റൊന്ന് എംഡി എം എ മരുന്നുകളാണ് ചെറിയ ഡോസ്സില്‍ സി എന്‍ എസ് സ്റ്റിമുലേറ്റ് ആയും കൂടിയ അളവില്‍ hallucinogen ആയും പ്രവര്‍ത്തിക്കുന്നവയാണ്.
Amphetamine like substance (ATS) ആംഫറ്റമിന്‍ എന്ന രാസ തന്മാത്രയില്‍ മാറ്റങ്ങള്‍ വരുത്തി അതിന്‍റെ വീര്യം വര്‍ദ്ധിപ്പിച്ച് ഉണ്ടാക്കുന്നതാണ് (എ ടി.എസ്) അവയില്‍ മെത്താംഫറ്റമിന്‍ ഒരു സിഎന്‍എസ് സ്റ്റിമുലന്‍റ് എം ഡി.എം.എ ചെറിയ അളവില്‍ സ്റ്റി മുലന്‍റും അളവ് കൂടിയാല്‍ എല്‍ എസ് ഡി യെ hallucinogen ആയും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ്. എംഡിഎംഎ അതുകൊണ്ട് സിഎന്‍എസ് സ്റ്റിമുലന്‍റ് വിഭാഗത്തിലും hallucinogen വിഭാഗത്തിലും ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു.
നാച്ചുറല്‍ vs സിന്തറ്റിക് ഡ്രഗ്സ്
പ്രകൃതിയില്‍ കീടങ്ങളെ തുരത്താന്‍ വേണ്ടി ചില ചെടികള്‍ സ്വയം നിര്‍മ്മിക്കുന്ന കീടനാശിനികളാണ് പല ലഹരികളുടെയും മൂലസംയുക്തം. മനുഷ്യന്‍ അവയെ സംസ്കരിച്ച് ഉപയോഗക്ഷമമായ രൂപത്തില്‍ ആക്കുന്നതാണ് പല നാച്ചുറല്‍ ലഹരികളും . പോപ്പിച്ചെടിയില്‍ നിന്നും കിട്ടുന്ന ഓപിയം കഞ്ചാവില്‍ നിന്ന് കിട്ടുന്ന ടി എച്ച് സി കൊക്കോ ചെടിയില്‍ നിന്ന് ലഭിക്കുന്ന കൊക്കൈന്‍ എന്നിവ ഉദാഹരണങ്ങളാണ്.
എന്നാല്‍ ഇവയോട് രാസപരമായി സാമ്യമുള്ള കെമിക്കല്‍സ് മനുഷ്യന്‍ നിര്‍മ്മച്ച് എടുക്കുന്നതാണ് സിന്തറ്റിക് ലഹരികള്‍. ആംഫറ്റമിന്‍ തന്മാത്രയില്‍ മാറ്റം വരുത്തി ഉണ്ടാക്കുന്ന മെത്താംഫറ്റമിനും എം ഡിഎംഎയും ഇതിന് ഉദാഹരണങ്ങളാണ്.
എങ്ങനെ തിരിച്ചറിയാം
പുതിയ ലഹരികള്‍ തുടക്കഘട്ടത്തില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. സ്വഭാവത്തില്‍ പൊടുന്നനെ കാണപ്പെടുന്ന മാറ്റങ്ങളാണ് പൊതുവേ സൂചനയായി ഉണ്ടാകാറുള്ളത്. മുന്‍പുള്ള അവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി പെട്ടെന്ന് വളരെയധികം ഊര്‍ജ്ജത്തോടെ പെരുമാറുക ,ചെറിയ കാര്യങ്ങള്‍ക്ക് പോലും തീവ്രമായി ദേഷ്യപ്പെടുകയും അക്രമാസക്തമാവുകയും ചെയ്യുക, ഉറക്കം കിട്ടാതിരിക്കുക, വിശപ്പ് കുറയുക തുടങ്ങിയവയൊക്കെയാണ് സാധാരണ കാണുന്ന മാറ്റങ്ങള്‍. അതേസമയം ലഹരി കിട്ടാതിരുന്നാല്‍ ഈ ഉത്തേജക അവസ്ഥയില്‍ നിന്ന് നേര്‍ വിപരീതമായ അവസ്ഥയിലും എത്തപ്പെടാം. ഒന്നും ചെയ്യാനോ,സംസാരിക്കാനോ തോന്നാത്ത അവസ്ഥ, കുളിക്കാനോ , വസ്ത്രം മാറാനോ വരെ മടി തോന്നുക ,ജോലിക്ക് പോകാനോ സുഹൃത്തുക്കളോട് പോലും സംസാരിക്കാനോ തോന്നാത്ത അവസ്ഥ ഇതൊക്കെയാണ് withdwawal phase-ല്‍ കാണാറുള്ളത്. സ്ഥിരം ഉപയോഗിക്കുന്നവരില്‍ ദന്തക്ഷയം കൂടി പല്ല് പൊടിഞ്ഞു പോകുന്ന അവസ്ഥ, ദേഹത്ത് പ്രാണികള്‍ അരിക്കുന്നപോലുള്ള തോന്നലുകള്‍ മുതലായ ലക്ഷണങ്ങള്‍ കാണാം .എന്നാല്‍ ഏറ്റവും മാരകമായ വിപത്ത് സൈക്കോസിസ് പോലുള്ള ഗുരുതരമായ മാനസികരോഗം ഉണ്ടാകും എന്നതാണ്, അകാരണമായ സംശയങ്ങളും ചുറ്റുമുള്ള എല്ലാത്തിനും കാണുന്നതിനപ്പുറം എന്തോ നിഗൂഢ അര്‍ത്ഥങ്ങള്‍ ഉണ്ടെന്ന് തോന്നിക്കുന്ന paranoia, ഇല്ലാത്തത് കേള്‍ക്കുകയും കാണുകയും ചെയ്യുന്ന hallucinatory states എല്ലാംകൊണ്ടും വ്യക്തിക്ക് പലപ്പോഴും യാഥാര്‍ത്ഥ്യം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടായി തീരാം.