പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക്

വി ശിവന്‍കുട്ടി

 

കോവിഡ് മഹാമാരിയുടെ കെടുതികളെ സധൈര്യം നേരിട്ട് കേരളം നവകേരളമാകാന്‍ തയ്യാറെടുക്കുകയാണ്.  ഈ കാലത്ത് ഏറ്റവും വെല്ലുവിളി നേരിട്ടത് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗമാണ്.  കോവിഡ് മഹാമാരിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചു നിന്നപ്പോള്‍ പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്തി കൊണ്ട് പൊതുവിദ്യാഭ്യാസ രംഗം ചലനാത്മകമാക്കാന്‍ നമുക്ക് കഴിഞ്ഞു.  ഒരു കുട്ടിയുടെയും അദ്ധ്യയന വര്‍ഷം നഷ്ടപ്പെട്ടില്ല എന്നുളളതിലും പഠന തടസ്സമുണ്ടായില്ല എന്നുളളതിലും നമുക്ക് അഭിമാനിക്കാം.

നമ്മള്‍ പുതിയ അദ്ധ്യയന വര്‍ഷത്തിലേയ്ക്ക് ചിറക് വിരിക്കുകയാണ്.  സ്കൂള്‍ തുറക്കുന്ന ദിവസം പുത്തന്‍ പുസ്തകങ്ങള്‍  കൈയിലേന്തി സ്കൂളിലേയ്ക്ക് വരാന്‍ കഴിയുന്ന തരത്തില്‍ ഒന്നരമാസം മുമ്പുതന്നെ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തിക്കുന്നതിന് നമുക്ക് കഴിഞ്ഞു.  ആദ്യ ദിവസം തന്നെ പുത്തന്‍ യൂണിഫോം അണിഞ്ഞ് സ്കൂളിലെത്താന്‍ പാകത്തില്‍ കൈത്തറി യൂണിഫോമുകളും വിതരണം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ഭൗതികമായ മെച്ചപ്പെടല്‍ നമ്മുടെ വിദ്യാലയങ്ങളിലുണ്ടായി.  5 കോടി, 3 കോടി, 1 കോടി, കിഫ്ബി പദ്ധതികളും പ്ലാന്‍ ഫണ്ട്  ഉപയോഗിച്ചുളള പുതിയ സ്കൂള്‍ കെട്ടിട നിര്‍മ്മാണം പുര്‍ണ്ണതയിലേയ്ക്കെത്തുകയാണ്.  ഇതിനൊപ്പം ലാബ്, ലൈബ്രറി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുളള പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടന്നു.  വായനയുടെ വസന്തം പദ്ധതിയിലൂടെ മാത്രം 10 കോടി രൂപയുടെ പുസ്തകങ്ങളാണ് സ്കൂള്‍ ലൈബ്രറികളിലെത്തിയത.് ഇനി അക്കാദമികമായ കൂടുതല്‍ മെച്ചപ്പെടുത്തലാണ് നാം ലക്ഷ്യമിടുന്നത്.  അതിന് അദ്ധ്യാപക ശാക്തീകരണം നടക്കണം.  വിജ്ഞാനം അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതിനെ സ്വാംശീകരിച്ച് ഏറ്റവും അടുത്ത നിമിഷത്തില്‍ തന്നെ വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ അദ്ധ്യാപകര്‍ക്ക് കഴിയേണ്ടതുണ്ട്. 

കോവിഡ് കാലഘട്ടത്തില്‍ കുട്ടികളില്‍ ഉണ്ടായ തും ഇപ്പോഴും നിലനില്‍ക്കുന്നതുമായ പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിനും, അതിനെ പരിഹരിക്കുന്നതിനും അദ്ധ്യാപകര്‍ പ്രാപ്തരാകേണ്ടതുണ്ട്.  ഫയലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ മുന്നിലുളളത് ജീവിതമാണ്.  അതിനാല്‍ ഫയലുകളില്‍ കാലതാമസമുണ്ടാക്കാതെ എത്രയും വേഗം അവ തീര്‍പ്പാക്കണം. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ഫയല്‍ അദാലത്തുകളും നടത്തുകയാണ്.  ഇത്തരത്തില്‍ നോക്കുമ്പോള്‍ വലിയ ഉത്തരവാദിത്വമാണ് വരുന്ന അദ്ധ്യയനവര്‍ഷം നമ്മെ കാത്തിരിക്കുന്നത്.  ഇവിടെ നമുക്ക് ചുവടിടറുവാന്‍ പാടില്ല. കാരണം കോത്താരി കമ്മീഷന്‍റെ ആമുഖ വാചകത്തില്‍ പറയുന്നപോലെ ഇന്ത്യയുടെ ഭാവിരൂപം കൈകൊളളുന്നത് നമ്മുടെ ക്ലാസ്സ് മുറികളിലാണ്.  ഇത് കണ്ടറിഞ്ഞുകൊണ്ട് കാലഘട്ടമേല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളെ സധൈര്യം ഏറ്റെടുക്കുവാനും കടമകള്‍ കൃതമായി നിര്‍വ്വഹിക്കാനും ഏവരുടെയും പിന്തുണയും കൂട്ടായ്മയും ഇനിയും പ്രതീക്ഷിക്കുന്നു.